Print Media

Article published in Basha Poshini magazine 2010

പരമ്പരാഗതമായ വന്ധ്യതാ ചികിത്സയുടെ ഉറവിടം എങ്ങനെയാണ് ?

ഒൻപതു തലമുറകൾക്കു മുൻപ് ഈ കുടുംബത്തിൽ ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന പിതാമഹനിലാണ് ഇവിടുത്തെ ചികിത്സയുടെ ആരംഭം. കുട്ടികളില്ലാതെ വിഷമിച്ചു കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഒരു സന്യാസിയിൽ നിന്നാണ് ഈ അത്ഭുത മരുന്നുകളുടെ അറിവു ലഭിച്ചത് എന്നു പറയുന്നു. അത് അദ്ദേഹം സ്വയം പരീക്ഷിക്കുകയും അതുപ്രകാരം അദ്ദേഹത്തിന് സന്താന സൗഭാഗ്യം ലഭിക്കുകയും ചെയ്തുവത്രേ. എന്നാൽ ഈ ദിവ്യമായ അറിവിനെ അദ്ദേഹം തന്നിൽ ഒതുക്കി നിർത്തിയില്ല. അദ്ദേഹം മരുന്നു നിർമ്മിച്ച് സന്താനമില്ലായ്മ അനുഭവിക്കുന്ന ധാരാളം പേർക്ക് കൊടുത്തു. അവർക്ക് ഫലപ്രാപ്തി ഉണ്ടായതുകൊണ്ടാവാം, വന്ധ്യതയുടെ മുറിവുണക്കുന്ന ആ ഔഷധക്കൂട്ട് തലമുറകളിലൂടെ കൈമാറുവാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെയാണ് തലമുറകൾ കൈമാറി ഈ വൈദ്യം എന്നിലേക്കെത്തിയത്. സ്ഥാപക വൈദ്യനായ ‘പൊന്നൻ പൂശാരി’-യുടെ പേരു തന്നെയാണ് ഈ ചികിത്സാലയത്തിന് നൽകിയിരിക്കുന്നതും.

വന്ധ്യത എന്ന അവസ്ഥയെ എങ്ങനെയാണ് നിർവചിക്കുന്നത് ?

വന്ധ്യത എന്നത് ഒരു രോഗം എന്നതിനപ്പുറത്ത് ഒരു ‘അവസ്ഥ’യായാണ് കണക്കാക്കേണ്ടത്. പല രോഗങ്ങൾക്കും പ്രത്യേക ലക്ഷണങ്ങൾ പലതുമുണ്ടാകാം. എന്നാൽ വന്ധ്യത എന്ന അവസ്ഥയ്ക്ക് അത്തരം ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ തുലോം കുറവാണ്. ഒരാൾ വിവഹം കഴിച്ചിട്ടില്ലെങ്കിലും അയാൾക്ക് സാധാരണ ജീവിതം നയിക്കുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അയാൾ രോഗിയോ കുറവുള്ള മനുഷ്യനോ അല്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ടും കുറെക്കാലമായി സന്താനങ്ങൾ ജനിക്കുന്നില്ലാ എങ്കിലാണ് അയാളിൽ നാം കുറവുകൾ കണ്ടെത്തുന്നത്. പുരുഷനെയും സ്ത്രീയെയും മാനസികമായും ശാരീരികമായും തളർത്തുന്ന ഒരു സ്ഥിതിവിശേഷമാണിത്. ഭാര്യക്കും ഭർത്താവിനും തമ്മിൽത്തമ്മിൽ തന്നെ വെറുപ്പു തോന്നിത്തുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് ചിലപ്പോൾ ചിലരെ അതു തള്ളിയിടുന്നതായി കാണാം. മറ്റു രോഗികളിൽ നിന്നു വ്യത്യസ്തമായി ഏറ്റവും കൂടുതൽ ചൂഷണവിധേയരാകുന്നതും ഇവരാണ്. ഒരു കുട്ടി ഉണ്ടാവുക എന്നത് ഏറ്റവും സന്തോഷം ഉണർത്തുന്ന നിമിഷമാണല്ലോ. മാതാവാകാനും പിതാവാകാനും ആഗ്രഹിക്കാത്തവാരായി ആരാണുള്ളത്? അതിനു വേണ്ടി ചികിത്സയുടെ ഏതറ്റം വരെ പോകാനും അവർ തയ്യാറായിരിക്കും. ഈ ഘട്ടങ്ങളിലാണ് പലപ്പോഴും വഞ്ചിതരാകുന്നത്. അത്രയ്ക്കും വ്യാജവും ചൂഷണാധിഷ്ഠിതവുമായ ഒരു മാഫിയ തന്നെ ഈ അവസ്ഥ മുതലാക്കുവാനായി ഇന്ന് നമ്മുടെ നാട്ടിൽ തഴച്ചു വളർന്നിട്ടുണ്ട്. അത്തരം വലകളിൽ കുടുങ്ങാതെ ശരിയായ ചികിത്സാ രീതി സ്വീകരിക്കുക എന്നതാണ് ഇന്ന് വന്ധ്യതാ രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഒരാൾക്ക് വന്ധ്യതയുണ്ടോ എന്ന് എപ്പോഴാണ് സംശയിക്കേണ്ടത് ?

വിവഹ ശേഷം ദമ്പതിമാർ ഒരു വർഷത്തിലധികം ശരിയായ രീതിയിൽ ലൈംഗിക ജീവിതം നയിച്ചിട്ടും ഗർഭമുണ്ടാകാത്ത സ്ഥിതി ഉണ്ടാവുകയാണെങ്കിൽ വന്ധ്യത സംശയിക്കാവുന്നതാണ്. അമിതമായി വണ്ണം കാണുന്നവരിലും പ്രായം കൂടിയവരിലും പാരമ്പര്യമായി ഇത്തരം വന്ധ്യതാ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരിലും വന്ധ്യത വരവാനുള്ള സാഹചര്യങ്ങൾ കൂടുതലായുണ്ട്. അതിനാൽ അവരെ സംബന്ധിച്ചിടത്തോളം അവർ അധികം കാത്തു നിൽക്കാതെ ശരിയായ ഒരു ചികിത്സകനെ സമൂപിക്കുന്നതായിരിക്കും ഉചിതം എന്നു തോന്നുന്നു.

വന്ധ്യതയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് ?

വന്ധ്യതയ്ക്ക് മറ്റു രോഗങ്ങൾപോലെ വ്യക്തമായ ലക്ഷണങ്ങൾ കുറവാണ്. എന്നാലും പുരുഷനെസംബന്ധിച്ചിടത്തോളം ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ പുറത്തു പോകുന്ന ശുക്ലത്തിന്റെ അളവ് വളരെ കുറവാണെങ്കിലും ശുക്ലത്തിന് നിറംമാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും അത് ഒരു സൂചന തന്നെയാണ്. ബീജത്തിന്റെ ചലനശേഷിയിൽ കുറവു കാണുന്നതും ഉദ്ധാരണ ശേഷി കുറഞ്ഞു വരുന്നതും മറ്റു ചില ലക്ഷണങ്ങൾ ആണ്. സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റിയാണ് പലപ്പോഴും സംഭവിക്കുന്നത്. എങ്കിൽ അത ഗൗരവമായി തന്നെ എടുക്കണ്ടതാണ്. ആർത്തവ ക്രമക്കേടുകൾ ഒരു പരിധി വരെ വന്ധ്യതയ്ക്ക് കാരണമായേക്കാം. ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വയറു വേദനയും ഒരു ലക്ഷണമാണ്. അതുപോലെ ഗർഭാശയ സംബന്ധമായ രോഗങ്ങൾ, മുഴകൾ ഇവയും ശ്രദ്ധിക്കപ്പെടേണ്ടവ തന്നെ. ചില സ്ത്രീകളിൽ യോനീഭാഗത്ത് എപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം വെള്ളപോക്കും പതിവുണ്ട്. ഇതെല്ലാം യോനിയിലുണ്ടാകുന്ന പൂപ്പൽ ബാധയുടെയോ അണുബാധയുടെയോ ഫലമായി സംഭവിക്കുന്നതാണ്. ഇവയെല്ലാം കൃത്യമായ രീതിയിൽ ചികിത്സിക്കേണ്ടതാണ്. പുരുഷനായാലും സ്ത്രീയായാലും അവരുടെ ശരീരത്തെ ശുദ്ധമാക്കുന്ന ഔഷധങ്ങളാണ് ഞങ്ങൾ ആദ്യം കൊടുക്കുന്നത്. ഇതിനു ശേഷമാണ് ചികിത്സ ആരംഭിക്കുക.

മനുഷ്യന്റെ ജീവിതരീതിയുമായി വന്ധ്യതയ്ക്ക് ബന്ധമുണ്ടോ ?

തീർച്ചയായും ഉണ്ട്. എനിയ്ക്കു തോന്നുന്നത് ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് ഒരു പരിധിവരെ മനുഷ്യനെ വന്ധ്യതയ്ക്കിരയാക്കുന്നത് എന്നാണ്. ഇന്നത്തെ ഭക്ഷണ രീതി തന്നെ ഉദാഹരണമായി എടുക്കാം. പണ്ട് പൂർവ്വികർ നമുക്ക് കൽപ്പിച്ചു തന്ന ഭക്ഷണ സമ്പ്രദായം നമ്മുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു. കഞ്ഞിയും പയറും പുട്ടും ദോശയുമെല്ലാം നമ്മുടെ ശരീര പോഷണത്തിന് അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം മലയാളിയുടെ തനിമയെ ആകപ്പാടെ അട്ടിമറിച്ചിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം ബാധിച്ചിട്ടുണ്ട്. മറ്റൊന്നാണ് വസ്ത്രധാരണം. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ്. അത്തരം വസ്ത്രങ്ങൾ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ ഇന്നത്തെ പോളിസ്റ്റർ, കോട്ടൺ, സിന്തറ്റിക് വസ്ത്രങ്ങൾ നമ്മുടെ ശരീരത്തിന് ഹാനികരം തന്നെയാണ്. ഇറുകിയ അടിവസ്ത്രങ്ങൾ ആണ് മറ്റൊരു വില്ലൻ. വൃഷണസഞ്ചിയിൽ ആണല്ലോ പുരുഷന്റെ ബീജങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്, കടുത്തചൂട് ഉൽപാദനത്തെയും ബീജത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. അതിനാൽ ഇറുകിയതും ചൂടു കൂടുന്നതുമായ അടിവസ്ത്രങ്ങൾ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. സ്ത്രീകൾക്ക് ഗുഹ്യഭാഗത്ത് അണുബാധ ഉണ്ടാകാനും ഇത്തരം വസ്ത്രങ്ങൾ കാരണമാകുന്നു. മദ്യവും പുകവലിയും മറ്റ് ലഹരി സാധനങ്ങളും ഇന്ന് യുവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികൾ ആണ്. സ്കൂൾ കുട്ടികൾ പോലും ഈ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. യുവതികളിലും പുകവലി ശീലമാക്കിയവർ കൂടിവരികയാണ്. ഇത് സ്ത്രീകളിലെ അണ്ഡാശയ പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്നതിനാൽ ഇത്തരക്കാർക്ക് വന്ധ്യത സംഭവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ തുലോം കൂടുതലാണ്. മാത്രമല്ല ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യങ്ങൾ സംഭവിക്കാനും സാധ്യത കൂടുതലാണ്. മദ്യത്തിന്റെ അമിതമായ ഉപയോഗം പുരുഷന്റെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നത് നിസ്സംശയം തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ള താണ്.

താങ്കൾക്ക് മുന്നിൽ എത്തുന്ന രോഗികൾക്ക് എന്തെങ്കിലും പൊതുവായ പ്രത്യേകതകൾ കാണാറുണ്ടോ ?

ഇവിടെ വരുന്ന രോഗികളിൽ ഭൂരിപക്ഷം പേരും അലോപ്പതിയും ആയുർവേദവും മറ്റു പല ചികിത്സകളും അനവധി പരീക്ഷിച്ചുനോക്കിയവരായിരിക്കും. പത്തു വർഷത്തിലധികം പല ചികിത്സകളും ചെയ്തു പ്രതീക്ഷയുടെ അസ്തമന സമയത്ത് ഇവിടെ എത്തിയവരാണ്, ഞാൻ ചികിത്സിച്ച അധികം പേരും. ജീവിതത്തിലെ വിലയേറിയ അനവധി സമയം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല അവർക്ക് സംഭവിച്ച ബുദ്ധിമുട്ട്. ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവായിട്ടും യാതൊരു ഫലവും കാണാതെ വിഷമിക്കുന്ന വരായിരുന്നു അവർ. പാലക്കാട് ജില്ലയിലെ അടുത്ത കക്കാട്ടിരിയിൽ നിന്ന് അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു മുസ്തഫ ഖദീജ ദമ്പതികൾ ഇവിടേക്ക് വന്നിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞിരുന്നു. ഭർത്താവിന് ഗൾഫിലാണ് ജോലി. വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരും രണ്ടുമാസത്തോളം ഇവിടെ ഉണ്ടാകുകയും ചെയ്യും. മൂന്നുവർഷത്തോളം ഇവർ ചികിത്സയൊന്നും ചെയ്തില്ല. പിന്നീട് അനവധി കാലം അലോപ്പതി ചികിത്സ ചെയ്തു. എന്നിട്ടും ഫലം കണ്ടില്ല. ഹോമിയോപ്പതിയും ആയുർവേദവും മാറിമാറി പരീക്ഷിച്ചുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. അങ്ങനെയാണ് അവർ ഇവിടേക്ക് വരുന്നത് ഇവിടുത്തെ ചികിത്സയുടെ ചിട്ടവട്ടങ്ങൾ എല്ലാം അവരെ കൃത്യമായി ധരിപ്പിച്ചു. ശരിയായ രീതിയിൽ കഠിനമായ പഥ്യത്തോടെയുള്ള ചികിത്സ ചെയ്യുകയാണെങ്കിൽ ഈശ്വരന്റെ കൃപാകടാക്ഷം കൂടി ലഭിച്ചാൽ എല്ലാം നേരെയാകും എന്ന് ഞാൻ അവരോട് പറഞ്ഞു. ആറു മാസം വരെ ചിലപ്പോൾ ചികിത്സ തുടരേണ്ടി വരാമെന്ന് ഞാൻ അവരോട് പറഞ്ഞു. ആറുമാസം അല്ല ആറുവർഷം വരെ ചികിത്സ നടത്താനും ഞങ്ങൾക്കു സമ്മതം. എന്നാൽ ഞങ്ങളുടെ വീട്ടിലേക്ക് ഒരു സന്തതിയെ കിട്ടണം അതായിരുന്നു അവരുടെ മറുപടി. എന്നാൽ ആറുമാസത്തെ ചികിത്സയുടെ ആവശ്യമുണ്ടായില്ല. ചികിത്സ ആരംഭിച്ച നാലാം മാസത്തിൽ കദീജ ഗർഭിണിയായി. ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ കുട്ടിക്ക് നാല് വയസ്സായിരിക്കുന്നു. മുസ്തഫ സൗദിയിലേക്ക് തിരിച്ചു പോയി. പത്തുവർഷത്തിലേറെയായി വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരിക്കുന്ന അയാളുടെ അനുജനും ഇപ്പോൾ ഇവിടുത്തെ ചികിത്സയിലാണ്. വിശ്വാസവും പ്രതീക്ഷകളും ആണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്.

വന്ധ്യതാ നിവാരണത്തിനായി ഇവിടെ ചെയ്തുവരുന്ന ചികിത്സ രീതി ഒന്ന് വിവരിക്കാമോ ?

ചികിത്സയും പഥ്യവും

പുരുഷനെയും സ്ത്രീയെയും തുല്യനിലയിൽ കണ്ട് അവർക്ക് രണ്ടു പേർക്കും ഒരുമിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായം ആണ് ഈ വൈദ്യ സ്ഥാപനത്തിൻറെ പാരമ്പര്യം. നാലുമാസം ആണ് ചികിത്സയുടെ ദൈർഘ്യം. പുരുഷന് ആദ്യത്തെ ഏഴുദിവസം പഥ്യത്തോടെ മരുന്ന് കഴിക്കേണ്ടതുണ്ട്. ഈ ഏഴുദിവസത്തെ മരുന്നിനു ശേഷം പത്താം ദിവസം മുതൽ ഒരു ടീസ്പൂൺ മരുന്ന് പാലും ചേർത്ത് രാത്രി ഭക്ഷണശേഷം കിടക്കാൻ നേരത്ത് കഴിക്കുകയാണ് വേണ്ടത്. ഈ സമയം പുകവലിയും മദ്യപാനവും ഒഴിവാക്കണം. സ്ത്രീക്ക് ആദ്യത്തെ ഏഴു ദിവസത്തേക്ക് ഒരു കഷായവും അതിൽ ചേർത്ത് കഴിക്കുവാനുള്ള മരുന്നും ആണുള്ളത്. 75 എം.എൽ കഷായം എടുത്ത് ചൂടാക്കി അതിൽ 15 എം.എൽ മരുന്ന് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കണം. വൈകുന്നേരം നാലുമണിയോടെ 15 എം.എൽ മരുന്ന് കഷായം ചേർക്കാതെ കഴിക്കുകയും വേണം. ഏഴുദിവസവും സ്ത്രീ കഠിനമായ പഥ്യം അനുഷ്ഠിക്കണം. അത് ഈ ചികിത്സാ പദ്ധതിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒൻപതാം ദിവസം മുതൽ ഏഴു ദിവസത്തേക്ക് ഉള്ള മരുന്ന് 15 എം.എൽ വീതം രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തുമാണ് കഴിക്കേണ്ടത്. പിന്നീട് ആർത്തവ സമയത്ത് കഴിക്കാൻ ഉള്ള മരുന്നാണ് ഉള്ളത്. ആർത്തവത്തിന് രണ്ടാംദിനം മുതൽ 4 ദിവസം രാത്രി കിടക്കാൻ നേരത്ത് 15 എം.എൽ വീതം ഈ മരുന്ന് കഴിക്കണം. ഇപ്രകാരം നാലുമാസവും ഈ മരുന്ന് സേവിക്കണം ഇതാണ് ഇവിടുത്തെ ചികിത്സാരീതി.

എന്തൊക്കെ കാര്യങ്ങളാണ് പുരുഷനും സ്ത്രീയും അനുഷ്ഠിക്കേണ്ടത് ?

പുരുഷൻ ആദ്യത്തെ ഏഴ് ദിവസത്തെ മരുന്ന് കഴിക്കുമ്പോൾ രാവിലെയും രാത്രിയും ചൂടുള്ള കഞ്ഞിയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്ക് ചൂടുള്ള ചോറുണ്ണാം. ചേന, വാഴയ്ക്ക, കൈപ്പക്ക (പാവയ്ക്ക) എന്നിവ കുരുമുളകുപൊടി ചേർത്ത് ഉപ്പേരി ആക്കി (മെഴുക്കുപുരട്ടി) ഉപയോഗിക്കുക. ഉച്ചയ്ക്ക് കുരുമുളക് രസം വച്ച് ചോറ് കഴിക്കാം. ഈ ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം കുളിക്കാം. ദിവസം മുതൽ മരുന്നു കഴിക്കുന്ന സമയത്ത് രാത്രിയിലുള്ള ഭക്ഷണത്തിൽ മത്സ്യം, മാംസം ,മോര് എന്നിവ ഉപേക്ഷിക്കണം. ചികിത്സാ സമയത്ത് ലഹരിപദാർത്ഥങ്ങൾ പദാർഥങ്ങളും തീരെ വർജിക്കണം. പഥ്യത്തിന്റെ കാര്യത്തിൽ സ്ത്രീകളാണ് കൂടുതൽ കഠിനമായ നിഷ്ഠകൾ പാലിക്കേണ്ടത്. ആദ്യത്തെ ഏഴു ദിവസവും കുളി തീരെ പാടില്ല. മൂന്നുനേരവും ചൂടുള്ള കഞ്ഞി മാത്രം കഴിക്കാം. ചേന, വാഴയ്ക്ക, മുതിര എന്നിവ ഇന്തുപ്പ് ചേർത്ത് വേവിച്ച് കുരുമുളകുപൊടി ചേർത്ത് കഴിക്കാം. പപ്പടം ചുട്ടു ഉപയോഗിക്കാം. ഈ ഏഴു ദിവസവും പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. ഈ ഏഴുദിവസവും വയറിളക്കം ഉണ്ടാകുന്നതിനാൽ ബാത്റൂം ആവശ്യങ്ങൾക്ക് ചൂടുള്ള വെള്ളം ഉപയോഗിക്കുക. ചായ, ജീരക വെള്ളം, കഞ്ഞിവെള്ളം എന്നിവ ചൂടോടെ മാത്രം ഉപയോഗിക്കാം. എട്ടാം ദിവസം ഉച്ചയ്ക്ക് കുളിക്കാം. ഈ ദിവസം മരുന്ന് കഴിക്കേണ്ടതില്ല. ഭക്ഷണരീതി മുൻപ് മുൻപ് പറഞ്ഞത് തന്നെ. ഒൻപതാം ദിവസം മരുന്നു കഴിക്കുമ്പോൾ രാവിലെയും വൈകിട്ടും ചൂടുള്ള കഞ്ഞിയും ഉച്ചയ്ക്ക് ചൂടുള്ള ചോറും കഴിക്കാം. മറ്റു ഭക്ഷണം എല്ലാം മുൻപ് പറഞ്ഞതുപോലെ തുടരുക. ആർത്തവ ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ ഭക്ഷണരീതി ആദ്യത്തെ ഏഴ് ദിവസത്തെ കണക്ക് തുടരണം. ഈ ദിവസങ്ങളിൽ വൈകുന്നേരം കുളിക്കാവുന്നതാണ്.

ഇന്ന മാസം, പ്രത്യേക മാസങ്ങളിൽ ചികിത്സ തുടങ്ങണം എന്നുണ്ടോ ? ചികിത്സ നിർത്തി വെക്കുവാനും ചില മാസങ്ങൾ ഉണ്ടോ?

ചികിത്സ തുടങ്ങാൻ ഇന്ന മാസം എന്ന കണക്കൊന്നുമില്ല. എന്നാൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ചികിത്സയ്ക്കായി വരുന്നവരോട് ചൂട് ഒന്ന് കുറഞ്ഞു ചികിത്സ ആരംഭിക്കാം എന്ന് പറയാറുണ്ട്. കാരണം ചികിത്സയുടെ ആദ്യ ഏഴ് ദിവസങ്ങളിൽ സ്ത്രീക്ക് കുളി നിഷിദ്ധമായതിനാൽ കഠിനമായ വേനലും ചികിത്സയുടെ രീതിയും പലർക്കും അത് സ്വീകരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതു മാത്രമേ പ്രശ്നമുള്ളൂ. ബാക്കി ഏതുസമയത്തും ചികിത്സ ആരംഭിക്കുന്നതിന് യാതൊരുവിധ പ്രായോഗിക ബുദ്ധിമുട്ടുകളും നിലവിലില്ല.

ഏതെങ്കിലും പ്രത്യേക തരം ജോലിചെയ്യുന്നതോ സാഹചര്യമോ സന്താനോൽപാദനത്തെ തടയുന്നുണ്ടോ ?

കഠിനമായ ചൂടുള്ള ചുറ്റുപാടുകളിൽ പണിയെടുക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ചലനശേഷി വളരെയധികം കുറയുന്നതായി കണ്ടുവരുന്നു. ചൂട് അമിതമായാൽ വൃഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബീജത്തിന് ഗുണം കുറവായിരിക്കും. ശരീരത്തിലെ താപനിലയേക്കാൾ താഴ്ന്ന താപനിലയായിരിക്കണം, വൃഷണത്തിൽ ഉണ്ടാകേണ്ടത്. ആയതിനാൽ ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിൽ സന്താനലബ്ധിക്ക് വളരെയധികം കാലതാമസം അനുഭവപ്പെടുന്നു. അതുപോലെ ഇന്നത്തെ ചെറുപ്പക്കാരുടെ ഇഷ്ട വാഹനമാണല്ലോ ബൈക്ക്. ഒരു പരിധിയിൽ കൂടുതലുള്ള ബൈക്ക് യാത്ര വന്ധ്യതയ്ക്ക് കാരണമായി ഭവിക്കുന്നതാണ്. കാരണം പകൽസമയം താപനില കൂടുമ്പോൾ ബൈക്കിലാണ് തുടർച്ചയായ സഞ്ചാരമെങ്കിൽ അത് ബീജത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഡ്രൈവർമാർക്ക് മൊത്തത്തിൽ ഇത് ബാധകമാണ്. കാരണം ദീർഘ നേരത്തെ ഇരിപ്പ് വൃഷ്ണത്തെ ചൂട് പിടിപ്പിക്കുന്നു. അത് ബീജ നാശത്തിനും അതുവഴി സന്താനോൽപാദനത്തിനും തടസ്സം സൃഷ്ടിക്കുന്നു. കീടനാശിനികളടക്കമുള്ള രാസവസ്തുക്കൾ എപ്പോഴും കൈകാര്യം ചെയ്യുന്നവരിലും വെൽഡിങ് മുതലായ ചൂടുകൂടിയ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടി വരുന്നവരിലും വന്ധ്യത വരുവാനുള്ള സാഹചര്യം വളരെയധികം കാണപ്പെടുന്നു. എന്റെ സമീപത്തെത്തുന്ന പലരോടും അവരുടെ ജോലിയെ കുറിച്ച് അന്വേഷിക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളിൽ പണിയെടുക്കുന്നതായാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ഒന്നരവർഷം മുമ്പ് തൃശ്ശൂരിലെ താണിക്കുടത്തു നിന്ന് ഒരു ഭാര്യയും ഭർത്താവും ഇവിടെ വീട്ടിൽ ചികിത്സക്കായി വന്നു. ഭർത്താവ് ദാസ്. ബസ്സിലാണ് ജോലി. ഭാര്യ ബീന. അവർ വിവാഹിതരായിട്ട് 12 വർഷം കഴിഞ്ഞിരുന്നു. വിവാഹശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾതന്നെ അവർ ഇംഗ്ലീഷ് ചികിത്സ തുടങ്ങി. എന്നാൽ അനവധി കാലം ഡോക്ടർമാരെ മാറി മാറി കണ്ടു ചികിത്സിച്ചിട്ടും അവർക്ക് സന്താനഭാഗ്യം ലഭിച്ചില്ല. ഇതിനിടെ രണ്ടു പ്രാവശ്യം ‘ഇക്സി’യും ചെയ്തു. ഏതാണ്ട് നാലു ലക്ഷത്തോളം രൂപ വിവിധ തരത്തിലുള്ള ചികിത്സാ പദ്ധതികൾക്കായി ചെലവഴിച്ചിട്ടും അവർക്ക് നിരാശയായിരുന്നു ഫലം. ഈ അവസ്ഥയിലാണ് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച അവർ ഇവിടേയ്ക്ക് വന്നത്. അത് 2008 ഡിസംബറിൽ ആയിരുന്നു. പരിശോധനാ റിപ്പോർട്ടുകളിൽ അയാളുടെ കൗണ്ട് പൂജ്യമായിരുന്നു. ഭാര്യയുടെയും ഭർത്താവിന്റെയും ശരീരശുദ്ധിയ്ക്കും ബീജശുദ്ധി, ഗർഭാശയശുദ്ധി ഇവയ്ക്ക് കൃത്യമായ പഥ്യത്തോടെ ഞാൻ അവർക്ക് മരുന്നുകൾ മരുന്നുകൾ നൽകി. ചികിത്സ ആരംഭിച്ച് രണ്ടാം മാസത്തിൽ ബന ഗർഭിണിയായി. ഇപ്പോൾ അവർക്ക് ജനിച്ച പെൺകുഞ്ഞിന് ആറുമാസം പ്രായമായിരിക്കുന്നു. പൂർണ്ണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ്. ഈ ചികിത്സക്കായി ഏതാണ്ട് 5000/-- രൂപയിൽ താഴെ മാത്രമേ അവർക്ക് ഞങ്ങളുടെ സ്ഥാപനത്തിലേക്ക് അടക്കേണ്ടി വന്നിട്ടുള്ളൂ. അതുതന്നെ ഒരു കോഴ്സ് മരുന്ന് പൂർണമായും സേവിക്കേണ്ടി വന്നതുമില്ല. ഇതുപോലുള്ള ധാരാളം കേസുകൾ ഇപ്പോഴും ഇവിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവിടുത്തെ ചികിത്സയുടെ ഗുണം നേരിട്ടറിഞ്ഞ ദാസ് തന്നെ, അദ്ദേഹത്തിന് നേരിട്ടറിയാവുന്ന, കുട്ടികൾ ജനിക്കാതെ ബുദ്ധിമുട്ടുന്ന മൂന്നു ദമ്പതിമാരെ ഇവിടേയ്ക്കയച്ചു. അവർക്ക് മൂന്നു പേർക്കും ഈ ചികിത്സയിലൂടെ ഫലം കണ്ടു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ചാരിതാർത്ഥ്യവും അഭിമാനവും ഉണർത്തുന്നതാണ്. തലമുറകളായി ഇവിടെ നിന്നു നൽകുന്ന മരുന്നുകളിലെ ഗുണനിലവാരത്തെ പരമാവധി ഉയർത്തിപ്പിടിക്കുവാനും സന്താന സംബന്ധമായ വിഷമം കൊണ്ട് ദുഃഖം അനുഭവിക്കുന്നവർക്ക് കഴിയുംവിധം ആശ്വാസമേകുവാനുള്ള ഞങ്ങളുടെ ഉത്തരവാദിത്വത്തെ അരക്കിട്ടുറപ്പിക്കുവാനുമുള്ള വിധികളാണ് ഇത്തരം ഫലപ്രാപ്തി കൾ എന്ന് ഞാൻ ഉറപ്പിച്ചു വിശ്വസിക്കുന്നു.

വന്ധ്യതാപ്രശ്നങ്ങൾ സ്ത്രീകളിലാണ് പുരുഷന്മാരാണോ കൂടുതൽ കണ്ടുവരുന്നത് ?

വന്ധ്യത എന്നത് പുരുഷന്മാർക്കൊപ്പം സ്ത്രീകളിലും ധാരാളം കണ്ടുവരുന്നുണ്ട്. നമ്മുടെ സമൂഹ വ്യവസ്ഥയനുസരിച്ച് കുടുംബം പോറ്റുവാൻ ബാധ്യസ്ഥനായത് പുരുഷനാണല്ലോ. ആയതിനാൽ പ്രതികൂലമായ പല കാലാവസ്ഥകളിലും നിന്ന് അയാൾക്ക് ജോലി ചെയ്യേണ്ടിവരും. പ്രത്യേകിച്ച് ഗൾഫ് നാടുകളിലെയും മറ്റും ജോലിക്കാർക്ക് ശരീരത്തിലെ അമിതമായ ചൂട് ഏൽക്കുന്നതുമൂലം വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങൾ ധാരാളം കാണാറുണ്ട്. ലഹരിവസ്തുക്കളുടെ അമിത ഉപയോത്താലും വന്ധ്ത ഉണ്ടാകാം. സ്ത്രീകളിൽ അവരുടെ ജീവിതശൈലിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പലതും വന്ധ്യതയെ സഹായിക്കുന്നതാണ്. ഹോർമോൺ ചികിത്സകൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളടങ്ങിയ ഫാസ്റ്റ് ഫുഡ് സംസ്കാരം, ഗർഭാശയമുഴകൾ, അണുപാത (ശുചിത്വ കുറവുകൊണ്ടും മറ്റും സംഭവിക്കുന്നത്) ഇവയെല്ലാം വന്ധ്യതാ കാരണങ്ങൾ തന്നെ. എന്നിരുന്നാലും നമ്മുടെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതിനും പുറമെ ഏറെ വിഷയമായ അവസ്ഥയിലാണ് ഇന്ന് നമ്മുടെ അന്തരീക്ഷം. ഭക്ഷണവും ജലവും വായുവും എല്ലാം മലീമസമായ ഒരു അവസ്ഥയിലാണ് നാം എല്ലാവരും ജീവിക്കുന്നത്. അന്തരീക്ഷമലിനീകരണവും സന്താന സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഒരു കാരണമായി മാറുന്നുണ്ട്. (പണ്ട്, ഈ വന്ധ്യതാപ്രശ്നങ്ങൾ ഗോപ്യമായി വച്ചിരുന്നു. ചികിത്സിക്കുവാൻ പലർക്കും മടിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആണായാലും പെണ്ണായാലും ചികിത്സ നേടുവാൻ വൈമുഖ്യം കാണിക്കുന്നില്ല. ഇത് ശുഭോദർക്കം തന്നെ.)

പുരുഷനോ സ്ത്രീക്കോ മാത്രമായി ഇവിടെ ചികിത്സ കൊടുക്കാറുണ്ടോ ?

ഇല്ല. സ്ത്രീയേയും പുരുഷനേയും ഒന്നായി കണ്ടുകൊണ്ടുള്ള ചികിത്സാപദ്ധതിയാണ് ഞങ്ങൾ ചെയ്യുന്നത്. ഇവർ രണ്ടുപേരും ചേർന്നാൽ മാത്രമാണല്ലോ പൂർണത ഉണ്ടാവുന്നത്. പാചകം ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രം മാത്രം ശുദ്ധമായാൽ പോര, അത് ഇളക്കുവാനും അതിൽ നിന്ന് ഭക്ഷണം എടുക്കുവാൻ ഉപയോഗിക്കുന്ന ചട്ടുകവും അതിനായി ഉപയോഗിക്കുന്ന വസ്തുക്കളും ശുദ്ധമാകണം. എങ്കിലേ നാം ഉപയോഗിക്കുന്ന ഭക്ഷണം ശുദ്ധമാവുകയുള്ളൂ. ‘അർദ്ധനാരീശ്വര സങ്കല്പം’ എന്നത് ഇതിന് വളരെ യോജിച്ച ഒന്നായി എനിക്ക് തോന്നുന്നു. ശരീരത്തിന്റെ ഒരു ഭാഗം ശിവനും മറുഭാഗം ശക്തിസ്വരൂപിണിയായ പാർവതി ദേവിയും ചേർന്ന രൂപമാണ് അർദ്ധനാരീശ്വര രൂപം. അതായത് മനുഷ്യൻ എന്നത് സ്ത്രീയുടെയും പുരുഷന്റെയും തുല്യമായ സംയോഗത്തിന്റെ ഫലമാണ്. ദമ്പതിമാർക്ക് ഒരുമിച്ച് ചികിത്സ ചെയ്തു ഫലപ്രാപ്തിയിൽ എത്തിക്കുന്ന രീതിയിലാണ് അവിടുത്തെ ചികിത്സാപദ്ധതി.

ജന്മനാൽ തന്നെ വന്ധ്യത ഉണ്ടാകാറുണ്ടോ ? അത്തരം പ്രശ്നങ്ങൾക്ക് ഇവിടെനിന്നും പരിഹാരം ചെയ്യാറുണ്ടോ ?

ഉണ്ടാകാറുണ്ട്. അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പലപ്പോഴും കണ്ടെത്തുവാൻ ബുദ്ധിമുട്ട് തന്നെയാണ്. ജന്മനാൽ തന്നെ സംബന്ധിച്ചിട്ടുള്ള വന്ധ്യതാ പ്രശ്നങ്ങൾ ഒരു പരിധി വരെ മാത്രമേ വൈദ്യശാസ്ത്രത്തിന് ഭേദമാക്കുവാൻ കഴിയുകയുള്ളൂ എന്ന വിശ്വാസക്കാരനാണ് ഞാൻ. നമ്മുക്ക് പരമാവധി ചികിത്സ ചെയ്തു നോക്കാം. എന്നാൽ പലപ്പോഴും നാം ഉദ്ദേശിച്ച ഫലം ലഭിച്ചു കൊള്ളണമെന്നില്ല. ഉദാഹരണത്തിന് 20 വയസ്സിനു മീതെ പ്രായമായിട്ടും ഒരു തവണ പോലും ആർത്തവം വന്നിട്ടില്ലാത്ത കേസുകൾ ധാരാളം ഞാൻ കണ്ടിട്ടുണ്ട്. സാധാരണഗതിയിൽ ഒരു പെൺകുട്ടിക്ക് പതിമൂന്നോ പതിനാലോ വയസ്സിൽ മെൻസസ് ആകേണ്ടതാണല്ലോ. ഇത്തരം കേസുകളിൽ ആർത്തവം വരുവാൻ സഹായിക്കുന്ന മരുന്നുകൾ അവർക്ക് കൊടുക്കാറുണ്ട്. കൃത്യമായി ആർത്തവം വരുകയാണെങ്കിൽ മാത്രമേ അവരിൽ തുടർചികിത്സ നടത്താറുള്ളൂ. അല്ലാത്തവരെ പിന്നീടുള്ള ചികിത്സയ്ക്ക് പ്രോത്സാഹിപ്പിക്കാറില്ല. കാരണം വെറുതെ പ്രതീക്ഷകൾ നൽകുന്നത് വഞ്ചിക്കുന്നതിന് തുല്യമാണല്ലോ.

വന്ധ്യത പരിഹരിക്കുവാനുള്ള ചികിത്സ എന്നതിലപ്പുറം ഉത്തമ സന്താനങ്ങൾ ഉണ്ടാകുവാനുള്ള ചികിത്സാ രീതികൾ എന്തെങ്കിലും കൊടുക്കാറുണ്ടോ ?

ഗർഭമായാൽ ആദ്യ മാസം മുതൽ തന്നെ പ്രസവം വരെ പാൽക്കഷായം സേവിക്കാനായി നിർദ്ദേശിക്കാറുണ്ട്. കുറുന്തോട്ടിയും മറ്റു ധാരാളം ഔഷധങ്ങളും ചേർന്ന ഈ കഷായം സ്ത്രീക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഗർഭത്തിന്റെയും പ്രസവത്തിന്റെയും സങ്കീർണ്ണതകളെ പരമാവധി ഒഴിവാക്കി ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുവാനുള്ള ഏറ്റവും നല്ല ഒരു ചികിത്സാ പദ്ധതിയാണ് ഇത്. അതുപോലെ ഗർഭാവസ്ഥയിൽ ആറാം മാസം മുതൽ ‘മഹാകല്യാണഘൃതം’ സേവിക്കുവാനും നിർദ്ദേശിക്കാറുണ്ട്. ഈ നെയ്യ് വളരെയധികം അത്ഭുതകരമായ ഒന്നാണ്. ഇത് കൃത്യമായി കഴിച്ചാൽ പ്രസവിക്കുന്ന ശിശുവിന് ഓർമ്മശക്തിയും ബുദ്ധിശക്തിയും നല്ലതുപോലെ ഉണ്ടാകും. അത്രയ്ക്കും വിശേഷപ്പെട്ട മരുന്നുകളാണ് ഇതിൽ ചേർക്കപ്പെടുന്നത്. ശരിയായ രീതിയിൽ ഈ മരുന്നുകൾ കഴിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് നല്ല രോഗപ്രതിരോധശേഷിയും ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ മരുന്നുകൾ ഞങ്ങളിവിടെ തയ്യാർ ചെയ്യുന്നില്ല. പാൽകഷായം ഏവരും സ്വന്തമായി ഉണ്ടാക്കുന്നതാണ് നല്ലത്.

ഇവിടെ വരുന്ന പലരും അനവധി ചികിത്സകൾ തേടി, അവയെല്ലാം പരാജയപ്പെട്ട് ധാരാളം വർഷങ്ങൾ ചെലവഴിച്ച ശേഷം ആണല്ലോ എത്താറുള്ളത്. അപ്പോൾ പ്രായം കുറച്ചൊക്കെ അതിക്രമിച്ചുമിരിക്കും. പുരുഷനും സ്ത്രീക്കും എത്ര വയസ്സുവരെ ചികിത്സ ചെയ്യാം ? ഇതിന് ഏതെങ്കിലും കണക്കുകളുണ്ടോ?

ഏതാണ്ട് 15 വയസ്സിനകം സാധാരണഗതിയിൽ പുരുഷൻ ഉല്പാദനവും സ്ത്രീ അണ്ഡോല്പാദനം ആരംഭിക്കാൻ ഉണ്ട് എന്നിരുന്നാലും പല സ്ത്രീകളും ആർത്തവം ക്രമത്തിൽ എത്താൻ ചിലപ്പോൾ ഒന്നോ രണ്ടോ വർഷം കൂടി എടുക്കാം പിന്നീടുള്ള ഒരു ഇരുപത് വർഷത്തോളം കൃത്യമായ രീതിയിൽ സ്ത്രീയിൽ അണ്ഡോല്പാദനം നടക്കുന്നുണ്ട് ഈ സമയം തന്നെയാണ് അവരെ സംബന്ധിച്ചെടുത്തോളം ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയം പിന്നീടുള്ള കാലങ്ങളിൽ 35 വയസ്സിനുശേഷം ഗുണനിലവാരം കുറഞ്ഞുവരുന്നു മാസമുറയുടെ ക്രമത്തിലും മാറ്റങ്ങൾ സംഭവിക്കാവുന്നതാണ് അതിനാൽ സ്ത്രീയെ സംബന്ധിച്ച് നോക്കുമ്പോൾ അമ്മയാവാൻ ഏറ്റവും നല്ല പ്രായം ഇതുതന്നെയാണ് എന്നാൽ ഏതാണ്ട് 50 വയസ്സിനു മേൽ വരെ സ്ത്രീകൾക്ക് മാസമുറ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ മാസമുറ നിലനിൽക്കുന്ന കാലത്തോളം ചികിത്സ ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്. പ്രായം അധികമാകുമ്പോൾ ചിലപ്പോൾ ചികിത്സയുടെ ദൈർഘ്യവും കൂട്ടേണ്ടിവരും. കാരണം ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലഘട്ടം 20 വയസ്സ് മുതൽ 45 വയസ്സ് വരെത്തന്നെയാണ്. എൻറെ സമീപത്തേക്ക് വരുന്ന ദമ്പതിമാരിൽ പലരും വിവാഹം കഴിഞ്ഞ് അനവധി വർഷങ്ങൾ കഴിഞ്ഞായിരിക്കും. വിവാഹശേഷം 22 വർഷങ്ങൾ കഴിഞ്ഞ് ഇവിടെ ചികിത്സ തേടി വന്നവരും ഉണ്ട്. അവരിലും ഈ ചികിത്സാ പദ്ധതി ഫലപ്രദമായി തന്നെ പ്രയോഗിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്ത്രീക്കും പുരുഷനും ശാരീരികമായി ഉള്ള കേടുപാടുകളെ നീക്കം ചെയ്ത്, ശുദ്ധിവരുത്തി സ്ത്രീക്ക് ഗർഭധാരണത്തിനു വഴിയൊരുക്കുക എന്നതാണ് ഇവിടെയുള്ള ചികിത്സാരീതി. പുരുഷനെ സംബന്ധിച്ച് ഇത്ര വയസ്സുവരെ കുട്ടികളുണ്ടാകാം എന്ന് പറയാൻ സാധ്യമല്ല. അത് ഓരോരുത്തരുടെയും ശരീരപ്രകൃതിപോലെയിരിക്കും. എങ്കിലും 40 വയസ്സ് വരെയുള്ള കാലഘട്ടം ഏറ്റവും ഉത്തമമാണ്. ചികിത്സ ഏത് പ്രായത്തിൽ ചെയ്യാനും കുഴപ്പമൊന്നുമില്ല. എന്നാൽ ബീജത്തിന്റെ ഗുണവും അളവും പ്രായമാകുന്തോറും കുറഞ്ഞു കൊണ്ടിരിക്കും എന്നത് അംഗീകരിച്ചേ മതിയാകൂ.

വന്ധ്യതാനിവാരണ അതിനായി ഇവിടെനിന്നും നൽകുന്ന മരുന്നുകളെ കുറിച്ച് ഒന്നു വിശദീകരിക്കാമോ ? ഏതെങ്കിലും ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാരീതിയാണോ ഇവിടെയുള്ളത് ?

ഈ സ്ഥാപനം ഒരു പാരമ്പര്യ വന്ധ്യതാ ചികിത്സാലയമാണ്. പൊന്നൻ പൂശാരി എന്ന ഞങ്ങളുടെ പിതാമഹനാൽ തുടങ്ങി വയ്ക്കപ്പെട്ട ഈ ചികിത്സാരീതിക്ക് എഴുതപ്പെട്ട പുസ്തകങ്ങളൊന്നും തന്നെ പ്രമാണമായി ഇല്ല എന്നതാണ് സത്യം. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ചികിത്സാ പദ്ധതി വിവരങ്ങൾ അന്നുമുതൽ ഇന്നുവരെ ഓരോ തലമുറയിലേക്കും പകർന്ന് വന്നിട്ടുള്ളത് വാമൊഴിയായിട്ടാണ്. ആയതിനാൽ അഷ്ടാംഗഹൃദയം, ക്രിയാകൗമുദി, ജ്യോത്സനിക എന്നിവപോലുള്ള യാതൊരു ഗ്രന്ഥങ്ങളും ഞങ്ങൾ പിന്തുടരുന്നില്ല. പൂർവികരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഈ അമൂല്യമായ അറിവുകളെ സംരക്ഷിക്കുകയും അത് സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുകയുമാണ് ഞങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യം. പുരുഷന് കഴിക്കുവാനായി പ്രത്യേകം തയ്യാർ ചെയ്ത ഒരു പൊടിയും സ്ത്രീക്ക് സേവിക്കുവാൻ കഷായവുമാണ് ഇവിടെ ഉള്ളത്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ചികിത്സയുടെ ആദ്യത്തെ ഏഴുദിവസം കഴിക്കുവാൻ ഒരു മരുന്നും ഒമ്പതാം ദിവസം മുതൽ വീണ്ടും ഒരു 7 ദിവസത്തേയ്ക്ക് കഴിക്കുവാൻ മറ്റൊരു മരുന്നാണ് ഉള്ളത്. രണ്ടും കഷായമാണ്. ചികിത്സ ആരംഭിച്ച് പിന്നീട് വരുന്ന ആർത്തവത്തിന്റെ രണ്ടാം ദിവസം മുതൽ നാല് ദിവസത്തേക്ക് കഴിക്കേണ്ട ഒരു കഷായവും ഉണ്ട്. ഇത് നാലു മാസങ്ങളിൽ തുടർച്ചയായി കഴിക്കണം. ഈ നാലു മാസത്തിനിടയിൽ ഗർഭധാരണം സംഭവിക്കുകയാണെങ്കിൽ പിന്നീട് മരുന്ന് കഴിക്കേണ്ടതില്ല. 148 ഔഷധച്ചെടികളിൽ നിന്ന് ശേഖരിച്ച് അവയെ യഥാവിധം ശുദ്ധിചെയ്ത് സംസ്കരിച്ചാണ് ഈ ചികിത്സയ്ക്കുള്ള മരുന്നുകൾ തയ്യാർ ചെയ്യുന്നത്. എൺപതോളം ഇല മരുന്നുകൾ ഇവിടെ നട്ടുവളർത്തി ശുശ്രൂഷിക്കുന്നുണ്ട്. ബാക്കി വേണ്ടിവരുന്നവ പുറമെനിന്നു കൊണ്ടു വരുന്നവയാണ്. നിലമ്പൂർ കാടുകൾ, അട്ടപ്പാടി, അഗളി മലനിരകൾ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ഔഷധങ്ങൾ ശേഖരിക്കുവാറുള്ളത്. വെറുമൊരു സാധാരണ രോഗത്തിനുള്ള ചികിത്സയല്ലല്ലോ ഞങ്ങൾ ഇവിടെ ചെയ്യുന്നത്. ജനങ്ങൾ അത്രയ്ക്കും പ്രതീക്ഷയോടെയാണ് ഇവിടേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മരുന്നുകളിലും അതിൽ ചേർക്കുന്ന കൂട്ടുകളിലും പരമാവധി നിഷ്കർഷ പുലർത്തുവാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

മറ്റു ലിങ്കുകൾ

നിർദേശങ്ങളും ഭക്ഷണ ക്രമങ്ങളും കൃത്യമായി പാലിക്കുക . ചാർട്ടിൽ പറഞ്ഞത് കൂടാതെ യാതൊന്നും തന്നെ ഭക്ഷണ രീതിയിലും ദിനചര്യ നിയന്ത്രണങ്ങൾ പറഞ്ഞിരിക്കുന്നതിലും ഉൾപെടുത്താൻ പാടുള്ളതല്ല .സംശയ നിവാരണത്തിനായി ഫോണിൽ ബന്ധപെടുക ..