Print Media

Article published in Basha Poshini magazine 2010

മരുന്ന് നിർമ്മാണത്തിന് ആവശ്യമായ ഔഷധച്ചെടികളുടെ സംഭരണം എങ്ങനെയാണ് ?

ഇവിടെ സ്വന്തം ഒരു ഔഷധത്തോട്ടമുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന ഔഷധച്ചെടികൾ കൂടാതെ പുറമെ നിന്നും ധാരാളം ഔഷധ സസ്യങ്ങളെ ഞങ്ങൾ കൊണ്ടുവരാറുണ്ട്. പ്രധാനമായും നെല്ലിയാമ്പതി, നിലമ്പൂർ വനമേഖലകളിൽ നിന്നാണ് ഇവ സംഭവിക്കാറുള്ളത്. ഇവിടെ ഈ സ്ഥാപനത്തിന് അടുത്ത് ഒരു നായാടി കോളനിയുണ്ട്. അവർ പാരമ്പര്യമായി ഞങ്ങൾക്ക് ആവശ്യമായ ഔഷധ ചെടികളും മറ്റും എത്തിച്ചു തരുന്നവരാണ്. ഈ നായാടി കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗവും ഇതുതന്നെയാണ്. ഞങ്ങൾക്ക് വേണ്ട ഓരോ മരുന്നിനെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണ് അവർ. കാരണം ആ വീടുകളിലെ ഓരോരുത്തരും കുട്ടിക്കാലംമുതൽക്കേ ചെയ്യുന്നതും കണ്ടുശീലിക്കുന്നതും ഈ ഔഷധ ശേഖരണം തന്നെയാണ്. ഔഷധച്ചെടികൾക്കായുള്ള അവരുടെ യാത്രയ്ക്ക് പലപ്പോഴും ഒരാഴ്ചയോ ചിലപ്പോൾ അതിൽ കൂടുതലോ ദൈർഘ്യമുണ്ടായിരിക്കും. പലപ്പോഴും ഞാനും അവരെ അനുഗമിക്കാറുണ്ട്. വളരെ ആത്മനിർവൃതി തോന്നുന്നതുമായ സമയമാണ് ഇത്തരം യാത്രകൾ. പ്രകൃതിയെ ഇങ്ങനെ തൊട്ടറിയുവാൻ ലഭിക്കുന്ന സന്ദർഭങ്ങൾ വേറെ ഏതാണുള്ളത്? കുന്നും മലയും കാട്ടരുവികളും കുറ്റിക്കാടുകളും നിബിഡവനങ്ങളുമെല്ലാം ഞങ്ങൾക്ക് സുപരിചിതങ്ങളാണ്. ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ചെറുതായി ഒന്ന് മാറിനിൽക്കാനും മാനസികമായ ഒരു വിശ്രമത്തിനും ഇത്തരം യാത്രകൾ ഉപകരിക്കാറുണ്ട്. മറ്റൊന്ന് അട്ടപ്പാടി മേഖലയിലെ ആദിവാസികളും മരുന്നു സംഭരണത്തിൽ ഞങ്ങൾക്ക് സഹായം തീരുന്നുണ്ട്. ഞങ്ങൾക്ക് ഇവിടെ ആവശ്യമായ ഒട്ടുമിക്ക സസ്യജാലങ്ങളും വേരും തൊലിയും ഇലകളും എല്ലാം തരുന്നതിൽ അവരും ഒരു പങ്കുവഹിക്കുന്നുണ്ട്. പാരമ്പര്യമായി തന്നെ ഇത്തരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അനവധി ആദിവാസി കുടുംബങ്ങളുണ്ട്. നമുക്ക് അത്ഭുതകരമായി തോന്നാം. അവിടെ കുടിലുകളിൽ ചെറിയ കുട്ടികൾക്ക് പോലും നമുക്ക് പലർക്കും അറിയാത്ത അനവധിയനവധി ഔഷധച്ചെടികളുമായി പരിചയമുണ്ട്. കാരണം അവരുടെ യാത്രകൾ പലപ്പോഴും മുതിർന്നവരോടൊപ്പം ഇത്തരം മരുന്ന് ശേഖരങ്ങൾക്കു തന്നെയാണ്. അവരുടെ ജീവിതമാർഗവും പ്രകൃതിയും വിദ്യാലയവും എല്ലാം ഈ കാടുകൾ തന്നെ.

ഇവിടെ കൊണ്ടുവരുന്ന ഔഷധച്ചെടികളും വേരുകളുമെല്ലാം ശരിയായുള്ളവതന്നെയാണെന്ന് എങ്ങനെയാണ് ഉറപ്പുവരുത്താറുള്ളത് ?

ഞാൻ പറഞ്ഞല്ലോ, കേരള പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു നാട്ടുവൈദ്യ സ്ഥാപനമാണ് ഇത്. അതുകൊണ്ടുതന്നെ പരമ്പരകളായി അടുത്ത തലമുറയ്ക്ക് ഈ ചികിത്സാരീതിയുടെയും ഔഷധങ്ങളുടെയും എല്ലാ വിവരണങ്ങളും കൃത്യമായിത്തന്നെ ഇതുവരെ കൈമാറി വന്നിട്ടുണ്ട്. എനിക്കു മുൻപ് ഇവിടെ ചികിത്സ നടത്തി വന്നത് അമ്മയായിരുന്നു. ഞാൻ ജനിച്ചതു മുതൽ മരുന്നുകളുടെ ഈ ലോകത്തെ കണ്ടും കേട്ടും സ്പർശിച്ചുമാണ് വളർന്നത്. ഏതാണ്ട് പത്ത് വയസ്സു മുതൽ ഞാൻ ഔഷധ ശേഖരണത്തിനായി യാത്ര ആരംഭിച്ചിട്ടുണ്ട്. ഓരോ വസ്തുവിന്റെയും ലക്ഷണങ്ങളും ഗന്ധവും ഗുണവുമെല്ലാം ബാല്യകലത്തുതന്നെ ‘അമ്മ’ എന്ന ആ മഹാ ഗുരുവിൽനിന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. വേർതിരിച്ചറിയുവാൻ വളരെ ദുഷ്കരമായ ചില ചെടികളും ഉണ്ട്. എന്നാൽ കൃത്യമായ ചില ലക്ഷണങ്ങളിലൂടെ അവയെയും സൂക്ഷമമായി ഗ്രഹിക്കുവാൻ നമുക്ക് സാധിക്കും. ആയതുകൊണ്ട് ഇവിടെ കൊണ്ടുവരുന്നയിൽ വ്യാജവസ്തുക്കളുണ്ടെങ്കിൽ അവയെ കണ്ടുപിടിക്കുവാൻ യാതൊരു പ്രശ്നവും എനിക്ക് അനുഭവപ്പെടാറില്ല. കുട്ടിക്കാലം മുതൽക്കേ ലഭിച്ച ശിക്ഷണവും അനുഭവവും പരിചയവും തന്നെയാണ് ഇതിന് നിദാനം.

ഔഷധ സംഭരണത്തിനും നിർമാണത്തിനും ഇന്ന് പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടോ ?

ഉണ്ട്. പ്രതിബന്ധങ്ങളാണ് അധികവും. ഔഷധ സസ്യങ്ങളുടെ ദൗർലഭ്യമാണ് ഇന്ന് ഏതൊരു ഔഷധ നിർമ്മാണ മേഖലയും നേരിടുന്ന ഏറ്റവും പ്രധാനമായ പ്രശ്നം. പഴയകാലത്തെ ഒരു തൊടി അഥവാ പറമ്പ്, പുരയിടം ഒന്നു സങ്കല്പിക്കുക. തെങ്ങും കവുങ്ങും മാവും പ്ലാവുമെല്ലാം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ടായിരിക്കും. ഇവിയ്ക്കിടയിൽ നിൽക്കുന്ന നാം അറിയുന്നവയും അറിയാത്തവയുമായ മറ്റനേകം ചെടികളും. ഇതിൽ സാധാരണ ചെടികളും ഔഷധ ചെടികളുമുണ്ടാകാം. അവയെല്ലാം ഒരുമിച്ച് ആ തറവാട്ടിൽ മണ്ണാകുന്ന അമ്മയുടെ മാറിൽ അങ്ങനെ കളിച്ചു നിൽക്കും. എല്ലാവർക്കും ഈ ഭൂമിയിൽ പിറക്കുവാനും ജീവിക്കുവാനും അവകാശമുണ്ടെന്ന് വിളംബരം ചെയ്തു നിൽക്കുംപോലെ. എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് ? മനുഷ്യൻ അത്രകണ്ടു സ്വാർത്ഥനും നാശകാരിയുമായിരിക്കുന്നു. തനിക്ക് പ്രത്യക്ഷമായി ആവശ്യമില്ലാത്ത യാതൊരു സസ്യജാലത്തെയും വളരുവാൻ അവൻ അനുവദിക്കുന്നില്ല. വലിയ വലിയ മലഞ്ചെരിവുകൾ മുഴുവൻ വെട്ടിനിരത്തി റബർമരങ്ങൾ കൃഷിചെയ്യുമ്പോൾ വരുമാനം ലഭിക്കുന്നു എന്നുള്ളത് നേരുതന്നെ. എന്നാൽ എത്രയോ പ്രത്യേക ഗുണങ്ങളുള്ള, നമുക്ക് ഉപകാരികളായ സസ്യജാലങ്ങളാണ് ഈ അരുംകൊലയുടെ ഇരകളായി തീരുന്നത് ! നമ്മുടെ അമിതമായ പ്രകൃതി ചൂഷണമാണ് ഔഷധസസ്യജാലങ്ങളുടെ നാശത്തിന് ഒരു പ്രധാന ഹേതു. വനങ്ങളുടെ നാശവും പുഴകളുടെ നാശവും എല്ലാം ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു.

ഈയടുത്ത കാലം വരെ നമ്മുടെ വഴിയോരങ്ങളിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒരു ചെടി ആയിരുന്നു ‘കഞ്ഞുണ്ണി’. അനവധി ഔഷധഗുണമുള്ള ഒരു ചെടിയാണിത്. തലമുടിയുടെ അഴകിനും വളർച്ചയ്ക്കും ആരോഗ്യത്തിനും കഞ്ഞുണ്ണ്യാദി വെളിച്ചെണ്ണ സുപ്രസിദ്ധമാണ്. മറ്റൊരു ഒരു സസ്യമാണ് തവിഴാമ അഥവാ തഴുതാമ. ഇതും നനവുള്ള പുഴയോരങ്ങളിലും മറ്റും ധാരാളമായി കണ്ടിരുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ തഴുതാമ പാലിൽ അരച്ചു ചേർത്ത് കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്. വളരെ ചെലവ് കുറഞ്ഞ ഒരു ചികിത്സ മാർഗവുമാണിത്. നമുക്ക് മുൻപുള്ള തലമുറ ഇത് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പുഴകളെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്ഇത്തരം ഔഷധച്ചെടികളുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. മണ്ണിൽ നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിയാകുമ്പോൾ നാശം പൂർണമാകുന്നു.

പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിന് അനേകായിരം വർഷങ്ങളുടെ പഴക്കമുണ്ട്. മനുഷ്യനടക്കമുള്ള ജീവികളും പ്രകൃതിയും പരസ്പരപൂരകങ്ങളായി ജീവിച്ചിരുന്ന ഒരു സുവർണകാലം നമുക്ക് ഉണ്ടായിരുന്നു. അക്കാലത്താണ് നമ്മുടെ വൈദ്യശാസ്ത്രം വളർന്നതും വികസിച്ചതും. നമുക്ക് ഏവർക്കും അറിയാവുന്ന ഒരു കാര്യം ഞാൻ പറയാം. പണ്ട് കേരളത്തിലെ ഒട്ടുമുക്കാൽ കുടുംബങ്ങളിലും ഓരോ സർപ്പക്കാവുകൾ ഉണ്ടായിരുന്നു. ആരാധനയ്ക്കു പുറമെ പ്രകൃതിസംരക്ഷണം എന്ന ഒരു വലിയ ദൗത്യം കൂടി അത്തരം കാവുകൾ ഏറ്റെടുത്തിരുന്നു. ചെറുതും വലുതുമായ അനവധി സസ്യങ്ങളുടെ കലവറയായിരുന്നു സർപ്പക്കാവുകൾ. കുറുന്തോട്ടി, ആടലോടകം, വേപ്പ് എന്നു തുടങ്ങിയ ധാരാളം ഔഷധ സസ്യങ്ങൾ അവിടെ വളർന്നിരുന്നു. പക്ഷേ ആധുനികനെന്നും അറിവുള്ളവനെന്നും അഭിമാനിക്കുന്ന മനുഷ്യന് ക്രൂരവും ബുദ്ധിശൂന്യമായ പ്രവൃത്തികൾ ആ സംസ്കാരത്തിൻറെ കടക്കൽ കത്തിവെക്കുന്നതായിപോയി. മണ്ണിൻറെ ഈർപ്പം നിലനിർത്തുന്നതിനും പരിസരങ്ങളിൽ ശുദ്ധവായുവിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും മഴയുടെ തോത് വർദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടിനു ചുറ്റുമുള്ള താപനിലയെ ക്രമീകരിച്ചു നിർത്തുന്നതിനും വൻ കാറ്റുകളെ തടഞ്ഞു നിർത്തുന്നതിനുമെല്ലാം ഇത്തരം കാവുകൾ ഉപകരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കുമ്പോഴാണ് നാം ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയുടെ ആഴം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്. ഔഷധ ചെടികളെ യഥാവിധം മനസ്സിലാക്കി അവയെ സംഭരിക്കുവാൻ കഴിയുന്നവരുടെ എണ്ണവും ഇന്ന് കുറഞ്ഞുവരികയാണ്. ജീവിതത്തിൻറെ ശൈലിയിൽ നമുക്ക് സംഭവിക്കുന്ന മാറ്റങ്ങൾ തന്നെ ആയിരിക്കാം ഇതിനു കാരണം. പഴയ തലമുറയിലുള്ള വരെപോലെ കഷ്ടപ്പെടുവാനും ബുദ്ധിമുട്ടുവാനുമുള്ള മനോഭാവം പുതുതലമുറയ്ക്ക് കാണുന്നില്ല എന്നതും ഒരു വസ്തുതയാണ്.

പ്രത്യേക അത്ഭുതശക്തിയുള്ള ഏതെങ്കിലും ഔഷധച്ചെടികൾ മരുന്നു നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടോ?

ഭൂമിയിൽ കാണുന്ന എല്ലാ സസ്യങ്ങൾക്കും എന്തെങ്കിലും ഒരു അത്ഭുതശക്തി കാണും എന്നാണ് എൻറെ വിശ്വാസം. ഒന്നിൽ കൂടുതൽ, മറ്റൊന്നിന് കുറവ് എന്നൊന്നും അതിനെ വിഭജിക്കേണ്ടതില്ല. പണ്ട് ഒരു ഗുരു ശിഷ്യനോട് ഭൂമിയിൽ ആവശ്യമില്ലാത്തതായ ഒരു സസ്യത്തെ പറിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ട കഥ കേട്ടിട്ടുണ്ട്. ശിഷ്യൻ എല്ലാ ദിക്കിലും അലഞ്ഞു നടന്നിട്ടും ഉപകാരപ്രദമല്ലാത്ത ഒരു ചെടി പോലും കാണുവാൻ സാധിക്കാതെ തിരിച്ചു വരേണ്ടി വന്നു. ഇത് നമുക്ക് എല്ലാവർക്കുമുള്ള ഗുണപാഠമാണ്. ആദിവാസികൾ, അവരുടെ പ്രവർത്തന മേഖല മുഴുവൻ കാടുകളിലാണ്. പാമ്പും മറ്റു വിഷ ജന്തുക്കളും നിറയെയുള്ള അവിടെ നിന്നും ആദിവാസികൾ സർപ്പദംശമേറ്റ് മരണപ്പെടുന്നത് വളരെ അപൂർവ്വമാണ്. കാരണം സർപ്പ വിഷത്തെ പ്രതിരോധിക്കുവാൻ അവർക്കിടയിൽ ശക്തമായ മരുന്നുകളുണ്ട്. നാം നിസാരമായി കാണുന്ന തൊട്ടാവാടിയുടെ ഇല പിഴിഞ്ഞ് അഞ്ച് മില്ലി കരിക്കിൻ വെള്ളത്തിൽ ചേർത്ത് സേവിച്ചാൽ കുട്ടികളിൽ കാണുന്ന ആസ്തമയ്ക്ക് ശമനമുണ്ടാകും. കറുക പുല്ല് പാലിൽ തിളപ്പിച്ച് സേവിക്കുന്നത് അർശ്ശസിലെ രക്തം പോക്കിനെ തടയുന്നതിന് ഉത്തമമാണ്. മൂക്കിൽ കൂടി രക്തം വരുന്നതിന് കറുകപ്പുല്ലിൻ നീര് നസ്യം ചെയ്യാറുണ്ട്. ഇത്തരത്തിൽ ഈ ഭൂമുഖത്തെ എല്ലാ സസ്യങ്ങളും അത്ഭുതകരങ്ങളാണ്. ഞങ്ങൾ മരുന്നിനായി ഉപയോഗിക്കുന്ന ‘അങ്കോലം’ പേപട്ടി വിഷത്തിനെതിരായി ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ്. നീലയമരി, നാഗദന്തി, കൊടുവേലി, ആരിവേപ്പ് തുടങ്ങി ഷിപ്ര ഫലത്തെ പ്രദാനം ചെയ്യുന്ന അനവധി സസ്യങ്ങൾ ഇവിടുത്തെ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ളതും അതുപോലെതന്നെ അപകടകാരിയുമായ ഒരു ചെടിയാണ് ‘ഉമ്മം’. ഉൻമാദത്തെ ഉണ്ടാക്കുന്നതാണ് ഉമ്മം എന്ന് പറയുന്നു. ‘ഉമ്മത്തിൻ കായ’ തിന്ന് മരണപ്പെട്ട ധാരാളം സംഭവങ്ങൾ നാം നാട്ടിൽ കേൾക്കാറുണ്ട്. ഈ ഉമ്മത്തിൽ നീല ഉമ്മം എന്നൊന്നുണ്ട്. അത് സമൂലം എടുത്ത് ചതച്ച് 12 ഇടങ്ങഴി വെള്ളം ചേർത്ത് തിളപ്പിച്ച് ഇടങ്ങഴിയാക്കി ഒരു ലിറ്റർ ഉപ്പ് ചേർത്ത് വീണ്ടും വറ്റിച്ച് ലഭിക്കുന്ന ഉപ്പിന് ‘സിദ്ധലവണം’ എന്നാണ് പറയുക. ഈ സിദ്ധലവണം മദ്യപാനി അറിയാതെ കൃത്യമായ മാത്രയിൽ ഭക്ഷണത്തോടൊപ്പം ചേർത്തുകൊടുത്താൽ മദ്യത്തോടുള്ള ആസക്തി തീരെയില്ലാതാവുന്ന അവസ്ഥ ഉണ്ടാകും. എന്നാൽ ഇത് അധികമാത്രയിൽ അകത്തുചെന്നാൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. ഇത്തരത്തിൽ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന അനവധി സസ്യജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയെ മനസ്സിലാക്കുക വേണ്ടവിധത്തിൽ ഉപയോഗിക്കുകയും ചെയ്യുകയാണ് നമ്മുടെ കർത്തവ്യം.

ഔഷധസസ്യങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞുവല്ലോ. അതിനെക്കുറിച്ച്…..

ഏതാണ്ട് എൺപതോളം തരത്തിലുള്ള ഔഷധസസ്യങ്ങൾ ഞങ്ങൾ ഇവിടെ നട്ടുവളർത്തുന്നുണ്ട്. മരുന്നുകൾക്കാവശ്യമായ എല്ലാ ഔഷധസസ്യങ്ങളും കൂടി 148 ഇനങ്ങൾ വേണ്ടി വരുന്നുണ്ട്. സ്ഥിരവും ശ്രദ്ധേയാർന്നതുമായ പരിപാലനമില്ലെങ്കിൽ ഇവയിൽ പലതും പെട്ടെന്ന് നശിച്ചു പോകുന്നവയുമാണ്. വാതംകൊല്ലി, ഉങ്ങ്, ആവിൽ, ആര്യവേപ്പ്, നാഗദന്തി, ചെറുതേക്ക്, മുളകുതാന്നി, താതിരി, പൂവരശ്ശ്, കൊടുവേലി ശംഖുഗുഷി, തടിയൻവള്ളി, തോമരായം (വളരെ സുഗന്ധമുള്ള ഒരു സസ്യം), നീലയമരി,അങ്കോലം, പൂവാംകുരുന്നില, എരുക്ക് എന്നിങ്ങനെ അനവധി ഔഷധസസ്യങ്ങൾ ഏതാണ്ട് രണ്ട് ഏക്കർ സ്ഥലത്തായി ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. ഇനിയുമൊരു മൂന്നേക്കർ സ്ഥലം കൂടി ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നതിനായി മാറ്റിയിട്ടുണ്ട്. അതിലേക്ക് കൂടി ഈ കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശം. കാരണം ആവശ്യങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. പരമാവധി ശുദ്ധമായ മരുന്നുകൾ ഇവിടെ വരുന്നവർക്ക് കൊടുക്കുവാൻ സാധിക്കണമെന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.

താങ്കളുടെ വൈദ്യപഠനം എപ്രകാരമായിരുന്നു ? ആരാണ് ഗുര ?

ഇത് ഒരു പാരമ്പര്യ വൈദ്യസ്ഥാപനമായതിനാൽ ഞാൻ ജനിച്ചതു തന്നെ ഈ മരുന്നുകളുടെയും ഔഷധച്ചെടികളുടെയും ഇടയിലാണ്. ഏതാണ്ട് പത്ത് വയസ്സു മുതൽക്കേ ഞാൻ ഈ മേഖലയുമായി ഇടപഴകുവാൻ തുടങ്ങിയിട്ടുണ്ട്. അമ്മയുടെ കൂടെ ഔഷധസസ്യങ്ങൾ പറിക്കുവാനും അവയെ വേർതിരിക്കുവാനും ഇടിക്കുവാനും ചതയ്ക്കുവാനുമെല്ലാം ഞാനും പങ്കുചേർന്നിരുന്നു. കുറച്ചുകൂടി പ്രായമായപ്പോൾ ഇവിടേയ്ക്കു മരുന്നു കൊണ്ടുവരുന്നവരുടെ കൂടെ യാത്ര ചെയ്തും, ഞാൻ ഔഷധച്ചെടികളുമായി കൂടുതൽ ഇടപഴകി. എങ്കിലും എൻറെ ഗുരു ‘അമ്മ’ തന്നെയാണ്. കഷായങ്ങളുടെയും മറ്റും നിർമ്മാണം എടുക്കേണ്ട മരുന്നുകളുടെ അളവ്, കൃത്യമായ ലക്ഷണങ്ങൾ, ഔഷധസസ്യങ്ങൾ ശുദ്ധി ചെയ്യേണ്ട വിധം എന്നു വേണ്ട ഈ വൈദ്യമേഖലയെക്കുറിച്ച് എനിക്ക് ഇന്നുള്ള എല്ലാ അറിവുകളും അമ്മയിൽ നിന്നാണ് ലഭിച്ചത്. ഇവിടെ വരുന്ന രോഗികളുടെ വിവരങ്ങൾ അമ്മ കേൾക്കുമ്പോൾ ഞാനും ഒപ്പം ഇരിക്കും. അങ്ങനെ അനവധി കാര്യങ്ങൾ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. കൂടാതെ ഓരോ ദിവസവും ഇട ലഭിക്കുന്ന സമയത്ത് അമ്മയും ഞാനുമായി ചികിത്സയ്ക്ക് വന്നവരെയും അവരുടെ രോഗാവസ്ഥയെയും കുറിച്ച് ചർച്ചകളിൽ ഏർപ്പെടാറുണ്ട്. പലപ്പോഴും എനിക്ക് പിടികിട്ടാതെ സംശയമായി നിൽക്കുന്ന സമസ്യകൾക്ക് ഒക്കെ വ്യക്തമായ ഉത്തരം നൽകി, എന്നെ സംതൃപ്തൻ ആക്കിയതും, എൻറെ ജിജ്ഞാസയെയും അറിവിനെയും വളർത്തിയതും അമ്മ തന്നെയാണ്. ഇപ്പോഴും അമ്മ ചികിത്സിക്കുന്നുണ്ട്. ഞാനോ അമ്മയോ ആരെങ്കിലും ഒരാൾ എപ്പോഴും ഇവിടെ ഉണ്ടാകും. ഇവിടെ ചികിത്സ അന്വേഷിച്ചുവരുന്നവരോടുള്ള പ്രതിബദ്ധത കഴിഞ്ഞേ മറ്റുകാര്യങ്ങൾക്ക് മുൻഗണന കൊടുക്കാവു എന്നതാണ് ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച ഉപദേശം. അത് അക്ഷരാർത്ഥത്തിൽ പാലിക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ കുടുംബത്തിൽ ജനിച്ചതുകൊണ്ടാകാം, വനവും ചെടികളും പുഴയുംമെല്ലാം എപ്പോഴും എനിക്ക് താല്പര്യമാണ്. ഇടവേളകൾ മുഴുവൻ പ്രകൃതിയുമായി ഇടപഴകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അത് ഓരോ ചെടിയെയും സൂക്ഷ്മമായി പഠിക്കുവാനും മനസ്സിലാക്കുവാനും എന്നെ സഹായിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് മറ്റൊരു പ്രശ്നം കൂടിയുണ്ട്. വീടിനു മുൻപിൽ പുല്ലും കളകളും നിറഞ്ഞാൽ കൂടി അവയെ വെട്ടി നീക്കുവാൻ ഒരു വിഷമം. അത് എൻറെ രക്തത്തിൽ ലയിച്ചു ചേർന്ന ബലമോ ബലഹീനതയോ ആകാം. ഏതായാലും ഞാൻ സ്വീകരിക്കുന്നു.

താങ്കൾ ചികിത്സിച്ച രോഗികളെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് ഓർമ്മയിൽ എത്തുന്ന ഒരു സംഭവം എന്താണ് ?

നിരാശയുടെയും ദൈന്യത്തിൻറെയും മുഖമാണ് എൻറെ മുന്നിലെത്തുന്ന ഓരോ ദമ്പതിമാരിലും ഞാൻ കാണാറുള്ളത്. അനവധി വർഷങ്ങൾ ചികിത്സിച്ച്, എത്രയോ രൂപ ചെലവാക്കി കഴിഞ്ഞ അവർ ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഇവിടേക്ക് വരാറുള്ളത്. അതുകൊണ്ടുതന്നെ അവരിൽ പലപ്പോഴും ഒരു സംശയത്തിൻറെ ദൃഷ്ടിയും ? അനവധി പേരുടെ മുഖങ്ങൾ എൻറെ മനസ്സിൽ ഉണ്ട്. എന്നാലും പെട്ടെന്ന് തോന്നുന്ന ഒരു സംഭവം പറയാം. മേപ്പയൂർ എന്ന സ്ഥലത്തുനിന്ന് ഷാഹിദ എന്ന സ്ത്രീയും ഭർത്താവും എന്നെ കാണുവാനായി വന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് അനവധി വർഷങ്ങൾ കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് വൈദ്യവും ആയുർവേദവും മാറിമാറി പരീക്ഷിച്ച് നോക്കിയിട്ടും, വിലയേറിയ അനവധി ടെസ്റ്റുകൾ ചെയ്ത് ചികിത്സിച്ചിട്ടും സന്താനഭാഗ്യം ലഭിക്കാതെ തകർന്ന ഹൃദയത്തോടെ ആയിരുന്നു അവരുടെ ഇങ്ങോട്ടുള്ള വരവ്. ഉണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ ചികിത്സക്കായി അവർക്ക് നഷ്ടപ്പെടുത്തേണ്ടിവന്നു. ഇവിടെ എന്നെ വന്നു കണ്ട ഉടൻ തന്നെ ‘ചികിത്സയ്ക്ക് എന്ത് ചിലവ് വരും’ എന്നാണ് അവർ ചോദിച്ചത്. കാരണം വന്ധ്യതയ്ക്കുള്ള ചികിത്സയുടെ സാമ്പത്തിക ഭാരം അവരെ സംബന്ധിച്ചിടത്തോളം ഇത്രകാലം ഒരു ബാലികേറാമല തന്നെയായിരുന്നു. പേടികൊണ്ടു തന്നെയാണ് അവർ ആദ്യം എന്നോട് ചികിത്സാചെലവ് ചോദിച്ചത്. ‘ട്രീറ്റ്ൻറിന് ഇനി ഞങ്ങളുടെ കൈയിൽ കാശില്ല; ഞങ്ങൾക്കും ജീവിക്കണ്ടേ ?’ എന്ന അവരുടെ ആത്മരോദനം എൻറെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഏതായാലും മൂന്നുമാസംകൊണ്ട് ആ സ്ത്രീ ഗർഭിണിയായി. യഥാസമയം പ്രസവിക്കുകയും ചെയ്തു. അപ്പോഴത്തെ അവരുടെ മുഖത്തെ സന്തോഷം മതി ജീവിതകാലം മുഴുവൻ നമുക്ക് ഓർമ്മിക്കുവാൻ.

അതുപോലെതന്നെ ഓർമ്മയിലെത്തുന്ന ഒന്നാണ് പാലക്കാട്ടെ സജിത്ത് എന്നയാളും ഭാര്യയും. അവരും പലതരത്തിലുള്ള ചികിത്സകൾ പരീക്ഷിച്ചുനോക്കിയെങ്കിലും പുത്രഭാഗ്യമുണ്ടായില്ല. അവസാനം, വിഷമം കൊണ്ട് ഭാര്യയുടെ മനോനില പോലും മാറുമോ എന്ന് അയാൾ ഭയന്നു. ‘4 മാസത്തെ ചികിത്സയാണ് ഇവിടെയുള്ളത്’ എന്ന് ഞാൻ അയാളോട് പറഞ്ഞപ്പോൾ ‘വൈദ്യരെ നാലുമാസം കൊണ്ട് ചികിത്സ തീർന്നു എന്ന് ഞങ്ങളോട് പറയരുത്. പിന്നെയും ചികിത്സിക്കണം. കുട്ടികൾ ഉണ്ടായില്ലെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷ കൈവിടാതെ ഇരിക്കാമല്ലോ’ എന്നാണ് ആ പാവം എന്നോട് പറഞ്ഞത്. എന്നെ ആഴത്തിൽ സ്പർശിച്ച സംഭവങ്ങളിലൊന്നാണിത്. ഈശ്വരാധീനം കൊണ്ട് ചികിത്സാ പരിധിയിൽ തന്നെ അവർ ഗർഭിണിയായി. പ്രതീക്ഷകളെ പൂവണിയിച്ച് ഒരു കുട്ടി ജനിക്കുകയും ചെയ്തു. ഈ അടുത്ത കാലത്താണ് ഈ സംഭവം.

ഒമ്പത് തലമുറകളായി കാത്തുസൂക്ഷിക്കുന്ന ഈ പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് പ്രസിദ്ധനായ ഏതെങ്കിലും വൈദ്യന്മാർ ഉണ്ടായിട്ടുണ്ടോ ?

എൻറെ മുത്തച്ഛനായ കുമാരൻ വൈദ്യർ ഈ ചികിത്സാരംഗത്ത് നല്ലപോലെ ശോഭിച്ച ഒരു പ്രഗല്ഭനായിരുന്നു. 1936-ൽ കൊച്ചി രാജാവിൽ നിന്ന് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ബഹുമതി ലഭിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടാതെ അദ്ദേഹം ആയുർവേദം പഠിക്കുകയും ഇവിടെ എത്തുന്ന രോഗികൾക്ക് പാരമ്പര്യ വൈദ്യവും വിഷവൈദ്യവും ആയുർവേദവും ചികിത്സിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മാധ്യമങ്ങളും മറ്റും മറ്റു പ്രചാരണ മാധ്യമങ്ങളുമൊന്നുമില്ലാതിരുന്നിട്ടും കേരളത്തിൻറെ നാനാഭാഗത്തു നിന്നും അദ്ദേഹത്തെ കാണുവാൻ രോഗികൾ എത്തിയിരുന്നു. പൊന്നൻ പൂശാരി എന്ന സ്ഥാപക വൈദ്യൻ മുതൽ ഞാൻ വരെ എത്തിനിൽക്കുന്ന ഈ 9 തലമുറകളിൽ പാരമ്പര്യവൈദ്യം കൂടാതെ മറ്റു വൈദ്യ മേഖലകൾ കൂടി കൈവെച്ച് വിജയിപ്പിച്ച ഏക വൈദ്യൻ മുത്തച്ഛനായ കുമാരൻ വൈദ്യരാണ്.

ആയുർവേദം ഇന്ന് നേരിടുന്ന ഭീഷണികൾ എന്താണ് ?

നാം ഭാരതീയരുടെ മഹത്തായ ഒരു വൈദ്യ മേഖലയാണ് ആയുർവേദം. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഗുണകരമായ ചികിത്സ കൊടുക്കുവാൻ സാധിക്കുന്ന ഒരു വിഭാഗവുമാണിത്. എന്നാൽ ആയുർവേദത്തെ കച്ചവടവൽക്കരിക്കുന്ന വൻ കമ്പനികളുടെ കടന്നുകയറ്റവും ഡോക്ടർ എന്ന പദവിക്കു വേണ്ടി ആയുർവേദം പഠിക്കുവാൻ നിർബന്ധിതരാകുന്ന പുതിയ തലമുറയും കൂടി ഈ മഹത്തായ ശാസ്ത്രത്തിൻറെ തായ്‌വേര് ഇളക്കി മാറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കിട്ടുന്ന മരുന്ന് ചേർത്ത് തോന്നുന്ന രീതിയിൽ മരുന്നു നിർമ്മിക്കുന്ന കമ്പനികളാണ് ആയുർവേദത്തിൻറെ തകർച്ചയ്ക്ക് മറ്റൊരു കാരണം. ഇത്തരത്തിൽ നിർമ്മിക്കുന്ന ഔഷധങ്ങൾ മനുഷ്യനെ വഞ്ചിക്കുന്നു എന്ന് മാത്രമല്ല, ഈ മഹത്തായ ശാസ്ത്രത്തിന് തന്നെ ഭീഷണിയാണ് എന്ന് പറയാതെ വയ്യ.

കേരളത്തിൽ പണ്ട് സുലഭമായി ലഭിച്ചിരുന്ന പല മരുന്നുകളും ഇന്ന് വളരെ വിരളമായി മാത്രമേ ലഭിക്കുന്നുള്ളൂ. ഇത്തരം മരുന്നുകളെ എവിടെപ്പോയും തേടിപ്പിടിക്കുക എന്നതാണ് ഒരു പാരമ്പര്യവൈദ്യൻറെ പ്രധാന തൊഴിൽ. കമ്പനികളാവട്ടെ പലതും ഔഷധങ്ങളുടെ ‘അപരനെ’ ഉപയോഗിച്ചാണ് മരുന്ന് നിർമാണം നടത്തുന്നത്. പിന്നെ എങ്ങനെ ഈ ഔഷധങ്ങൾക്ക് ഗുണം ലഭിക്കും? രോഗി എങ്ങനെ സുഖം പ്രാപിക്കും ? അനവധി മരുന്നുകൾക്ക് ഉപയോഗിക്കേണ്ട ഒരു സസ്യമാണ് ‘ചിറ്റാമൃത്.’ ഇതിനുപകരം ഇന്ന് അതുപോലെയുള്ള ‘ആനചിറ്റാമൃത്’ ധാരാളം ഉപയോഗിച്ചുവരുന്നുണ്ട്. ഇതുപോലെ കൂവളത്തിൻറെ വേരിനു പകരം കണ്ടാൽ അതു പോലെ തോന്നിക്കുന്ന ‘കാട്ടു നാരകത്തിൻറെ വേരും’ ഉപയോഗിക്കപ്പെടുന്നു. ഇതെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം.

ആദ്യകാലത്ത് ഗുരുകുല സമ്പ്രദായത്തിലാണ് ആയുർവേദ പഠനം നടന്നിരുന്നത്. പിന്നീട് അത് കോളേജ് തലത്തിലേക്ക് വഴിമാറി. ആ സമയത്ത് ആയുർവേദ വിദ്യാർത്ഥികളെ പഠിപ്പിച്ചത് പാരമ്പര്യ വൈദ്യന്മാർ ആയിരുന്നു. ഇപ്പോഴാകട്ടെ പഠിപ്പിച്ച പാരമ്പര്യവൈദ്യനെ തഴയുകയാണ് പഠിച്ചിറങ്ങിയവർ. ഒരു ജീവിതകാലം മുഴുവൻ വൈദ്യ വൃത്തിക്കായി തൻറെ ജീവിതം സമർപ്പണം ചെയ്യുന്നവരേക്കാൾ പെട്ടെന്ന് നാലര വർഷം കൊണ്ട് ‘പിതാവിനേക്കാൾ മൂത്തുപോയ പുത്രന്മാരായി മാറിയവർ’ നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യുന്നു. ഈ ശാസ്ത്രം വളരെ സൂക്ഷിച്ച് ഭക്തിയോടെയും ബഹുമാനത്തോടെയും സമർപ്പണ ബോധത്തോടെയും കൈകാര്യം ചെയ്താൽ മാത്രമേ അതിൻറെ പവിത്രത നഷ്ടപ്പെടാതെ ഭാവി തലമുറയ്ക്കായും ലോക നൻമയ്ക്കായും നമുക്ക് നൽകുവാൻ കഴിയൂ. അതിനു വേണ്ടി വൈദ്യ സമൂഹവും പൊതു സമൂഹവും ഉണർന്നു പ്രവർത്തിയ്ക്കേണ്ടിയിരിക്കുന്നു.

മറ്റു ലിങ്കുകൾ

നിർദേശങ്ങളും ഭക്ഷണ ക്രമങ്ങളും കൃത്യമായി പാലിക്കുക . ചാർട്ടിൽ പറഞ്ഞത് കൂടാതെ യാതൊന്നും തന്നെ ഭക്ഷണ രീതിയിലും ദിനചര്യ നിയന്ത്രണങ്ങൾ പറഞ്ഞിരിക്കുന്നതിലും ഉൾപെടുത്താൻ പാടുള്ളതല്ല .സംശയ നിവാരണത്തിനായി ഫോണിൽ ബന്ധപെടുക ..